31 December 2009

2009-ലെ മലയാള നാട്

            അങ്ങിനെ സംഭവ ബഹുലമായ ഒരാണ്ടുകൂടി കഴിയുന്നു.  കേരളം മറ്റ് മേഖലകളിലെല്ലാം പിന്നോക്കം പോയെന്ന് ദോശൈകദ്ര്ക്കുകള്‍ പറയുന്നുണ്ടെങ്കിലും കുടിയന്‍മാര്‍ മലയാളിയുടെ മാനം കാത്തു, ദേശീയോത്സവമായ ഓണത്തിന് അല്പം കുറഞ്ഞ് പോയോ എന്ന സംശയമുള്ളത് കൊണ്ടായിരുന്നിരിക്കാം വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ക്രിസ്മസിന് തന്നെ ഓണത്തിന് കുടിച്ചതിന്റെ ഡബിള്‍ കുടിച്ച് മലയാളി പൂസായി , എന്തായാലും ഐസക് സഖാവ് ഉറക്കമിളച്ച് ചെക്ക് പോസ്റ്റുകളില്‍ കാവലിരുന്നിട്ടും ഖജനാവ് നിറക്കാന്‍ പാടുപെടുംബോള്‍ നമ്മള്‍ അവഗണിക്കുന്ന “കേവല കുടിയന്‍മാര്‍“ ഈ സാമ്പത്തിക വര്‍ഷം ഖജനാവിലേക് സംഭാവന ചെയ്തത് 5000 കോടി രൂപ, അടുത്ത വര്‍ഷം ഇത് 6000 കോടി എത്തുമെന്നാണെത്രെ ബിവറേജസ് കോര്‍പറേഷന്റെ പ്രതീക്ഷ. ഈ കുടിയന്മാരുള്ളത് കൊണ്ട് അടുത്തവര്‍ഷവും മലയാളികള്‍ക്ക് കഞ്ഞികുടിച്ച് മരിക്കാം....താങ്ക്സ് ചേട്ടന്മാരെ!
             2009ല്‍ മലയാളത്തിന്റെ മഹാനടന്‍ ലാലേട്ടന്‍  ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ആയി മലയാളികളുടെ അഭിമാനമായിമാറി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നടന്‍ തന്റെ അഭിനയത്തിന്റെ അടിസ്താനത്തില്‍ കേണല്‍ പദവിയാല്‍ ആദരിക്കപ്പെടുന്നത്  . എന്നാല്‍ ഇതിലും കുശുംബ് കാണിച്ച മലയാളികള്‍ ഇങ്ങനെ രണ്ട് പടങ്ങളില്‍ മേജറായി അഭിനയിച്ചതിന് പട്ടാളത്തിലെടുത്താല്‍ കൊല്ലം തുളസിയെ ആഭ്യന്തര മന്ത്രിയാക്കേണ്ടിവരുമല്ലോ സുരേഷ് ഗോപിയെ കമ്മീഷണറാക്കേണ്ടിവരുമല്ലോ എന്നൊക്കെ പറഞ്ഞു  നടന്നു, എന്നാല്‍ തന്റെ റെജിമെന്റിന് പരേഡില്‍ ഒന്നാം സ്ഥാനം നേടിക്കൊടുത്ത് ലാലേട്ടന്‍  ഇവന്‍ മാര്‍കൊക്കെ മറുപടി നല്‍കി. ലലേട്ടന്‍ കേണലായപ്പോള്‍ മമ്മൂക്ക സാക്ഷാല്‍ “പഴശ്ശിരാജയായി“ മലയാളികളുടെ ശൌര്യം ഒന്ന് കൂടെ ലോകത്തിന് കാട്ടിക്കൊടുത്തു. ആ ശൌര്യം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലുകാര്‍ക്ക് മനസ്സിലായില്ലെങ്കിലും...  നീലത്താമര വിരിഞ്ഞതും, പാലേരിമാണിക്യത്തിന്റെ കഥ വന്നതും, സൂഫി പറഞ്ഞ കഥയുമൊക്കെ മലയാളസിനിമയെ വീണ്ടുമൊരു നല്ലകാലത്തേക്ക് കൊണ്ട് പോകുന്നു എന്ന് ചില ഊശാന്‍ താടിക്കാരായ ബുജികള്‍ തട്ടിവിടുന്നതും മലയാളികള്‍ കണ്ടു, എന്നാല്‍ നായികമാര്‍  അവരുടെ ‘കുച കുംഭങ്ങള്‍‘ പകുതി പുറത്താകുന്ന ബ്ലൌസും,പൊക്കിളിനും രണ്ടിഞ്ച് താഴെ മുണ്ട് ഉടുക്കലും, രണ്ട് ബലാത്സംഘവും നാല് കുളിസീനും ഉണ്ടാകുന്നതാണോ മലയാള സിനിമയുടെ വസന്തകാലം എന്നൊന്നും ആരും തിരിച്ച് ചോദിച്ചില്ല, അങ്ങനെ തിരിച്ച് ചോദിക്കുന്നവന് പിണറായി സഖാവ് പറയുന്നത് പോലെ മലയാള സിനിമയെ കുറിച്ചോ മലയാള സാഹിത്യത്തെ കുറിച്ചോ ഒരു ചുക്കും ചുണ്ണാംബും അറിയില്ല . അല്ലാ പിന്നെ..
          റസൂല്‍ പൂക്കുട്ടിയും എ ആര്‍ റഹ്മാനും ഓസ്കാര്‍ കിട്ടിയത് 2009ലെ ഏറ്റവും വലിയ സംഭവമായി, സായിപ്പന്‍മാര്‍ ഉണ്ടാക്കി സായിപ്പന്മാര്‍ മാത്രം അങ്ങോട്ടും ഇങ്ങോട്ടും വാങ്ങുകയും കൊടുക്കുകയും ചെയ്ത് പോന്ന ആ മഹാ സംഭവം ഇങ്ങ് ഇന്ത്യാ മഹാരാജ്യത്തേക്ക് എടുത്തോണ്ട് പോന്ന ഇവര്‍ രണ്ട് പേരും ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായി,, ഇതില്‍ മലയാളിയുടെ ആഹ്ലാദത്തിന് രണ്ടുണ്ടായി കാരണങ്ങള്‍,  ഓസ്കാര്‍ കിട്ടിയ രണ്ടില്‍ ഒരാള്‍ പൂര്‍ണ്ണ മലയാളിയും രണ്ടാമന്‍ അരമലയാളിയുമായത് തന്നെ,,, അങ്ങനെ ഓസ്കാര്‍ നാട്ടിലെത്തിയത് മലയാളികള്‍ പൂക്കുറ്റികള്‍ കത്തിച്ച് ഭേഷായി ആഘോഷിച്ചു.
            രാഷ്ട്രീയത്തില്‍ പിജെ ജോസഫ് അഗ്നിഷുദ്ധി തെളിയിച്ച് വീണ്ടും മന്ത്രിയായപ്പോള്‍ മലയാളികള്‍ക്ക് നിരാശപ്പെടേണ്ടിവന്നില്ല. വര്‍ഷാവസാനം രാജ് മോഹന്‍ ഉണ്ണിത്താന്‍ ഒരു പാതിരാത്രിയില്‍ നാട്ടുകാരുടെ കൈയില്‍ തൊണ്ടി സഹിതം ചെന്ന് ചാടി മലയാ‍ളികളുടെ മാനം കാത്തു,  ഒരു സ്ത്രീയോടൊപ്പം കുടുങ്ങിയ ഉണ്ണിത്താനെ കാണാന്‍  ജനങ്ങള്‍ ടി വിക്ക് മുന്‍പില്‍ കുത്തിയിരുന്ന് റിമോര്‍ട്ടില്‍ മാറി മാറി ഞെക്കി നോക്കിയെങ്കിലും പിണ്ടിക്കേറ്റ് വാര്‍ത്ത ചാനലുകള്‍ ആ രംഗങ്ങള്‍ മുക്കി ഉണ്ണിത്താന്റെ ലീലാവിലാസങ്ങള്‍ മറ്റൊരു സംഭവമാകി.  മെഡിക്കല്‍ ടെസ്റ്റ് നടത്തി അത് നെഗറ്റീവാണ് ഞാന്‍ പണിയൊന്നും ഒപ്പിച്ചിട്ടില്ല എന്ന് തന്റെ എട്ടടി 4 ഇഞ്ച് നാക്ക് കൊണ്ട് അതിയാന്‍ ഓരിയിടുന്നത് എന്തായാലും ടി വിക്കാര്‍ കാണിച്ചുതന്നു. എന്നാല്‍ പണിയാന്‍ വന്ന ഉണ്ണിത്താന്‍ ജിയെ പണിയുന്നതിന് മുന്‍പെതന്നെ നാ‍ട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്പിച്ചാല്‍  മെഡിക്കല്‍ ടെസ്റ്റ് പോസറ്റീവാകുമോ എന്നൊന്നും ചോദ്യമില്ല, എന്നാ പിന്നെ പിടിക്കാന്‍ നിന്ന ഡി വൈ എഫ് ഐ കാര്‍ക്കും പി ഡി പിക്കാര്‍ക്കും കുറച്ച്കൂടി ക്ഷമ കാണിക്കാമായിരുന്നില്ലേ, റിപ്പോര്‍ട്ട് പോസറ്റീവാകാ‍മായിരുന്നില്ലേ എന്നൊക്കെ ചൂട്ട രാജു ചോദിക്കുന്നത് കേട്ടു.
           2009ല്‍ അച്ചുതാനന്ദനും പിണറായിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പി ബി കൊണ്ട്പിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും ഞങ്ങളുടെ വാല്‍ വളഞ്ഞേ ഇരിക്കൂ എന്നമട്ടാണ് ഇവന്‍ മാരുടെത്,  സ്ഥാപക നേതാക്കളില്‍ ഒരാളും ഉന്നത നേതാവുമായ വി എസിനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്തിയത് 2009ലെ മറ്റൊരു സംഭവമായി.  മുഖ്യമന്ത്രിയാകാന്‍ കഴിയാത്ത ഒരവസ്ത വന്നപ്പോള്‍ കേരള ജനത ഒറ്റക്കെട്ടായി വാങ്ങിക്കൊടുത്ത ആ കസേരയിപ്പോള്‍ അദ്ദേഹത്തിന് ഒരു വീക്ക്നസ്സായോ എന്നാണ് കേരളജനതയുടെ ആശങ്ക.  എന്തൊക്കെ പറഞ്ഞാലും, എവിടെയൊക്കെ തരം താഴ്തിയാലും കസേരവിട്ട് പോവാന്‍ തയാറല്ലെന്ന് അച്ചുമാമന്‍ അടിവരയിട്ട് തെളിയിച്ച ഒരുവര്‍ഷമാണ് ഈ കഴിഞ്ഞ് പോയത്. എന്തൊക്കെ ആയിരുന്നു, മല കേറുന്നു, പീഡനത്തിനെതിരെ മിമിക്രികാട്ടുന്നു,  എന്നാല്‍ കസേര കൈയില്‍ കിട്ടിയപ്പോല്‍ അതിയാന്‍ കവാത്തു മറന്ന കാഴ്ച മലയാളികള്‍ കണ്‍ കുളിര്‍ക്കെ കണ്ടു, കണ്ട് കൊണ്ടിരിക്കുന്നു. അടുത്ത 1 വര്‍ഷം കൂടി കാണാന്‍ കിടക്കുന്നു.ഈ വര്‍ഷം ഇവന്‍മാര്‍ തുടങ്ങിയതു തന്നെ ഒരു ബക്കറ്റിലെ വെള്ളവുമായിട്ടായിരുന്നു അങ്ങ് ശംഖ് മുഖം കടപ്പുറത്ത്, എന്നാല്‍ ഈ ബക്കറ്റിലെ വെള്ളം രണ്ടാളുടെയും ചീട്ടു പാതി കീറി, ഒരാള്‍ തരം താഴ്തപ്പെട്ടു മറ്റൊരാള്‍ക്ക് ഇത് ലാസ്റ്റ് ചാന്‍സ് എന്ന് മുന്നറിയിപ്പും കിട്ടി. പക്ഷെ അതില്‍നിന്നൊന്നും ഈ വീര വിപ്ലവ ശിങ്കങ്ങള്‍ ഒരുപാഠവും പഠിച്ചിട്ടില്ല എന്ന് അവസരം കിട്ടുംബോഴൊക്കെ കാരാട്ട് സഖാവിനെ ഓര്‍മിപ്പിക്കുന്നുമുണ്ട് ഇവന്മാര്‍.
         എന്നാല്‍ അങ്ങേ തലയ്ക്കല്‍ ഒരു കുട്ടി ശിങ്കം 3 രൂപ മെംബര്‍ഷിപ്പിനായി മുട്ടാത്ത വാതിലുകളില്ല, കാണാത്ത നേതാക്കളില്ല,, അതെ ലീഡറുറ്ടെ സ്വന്തം മ്വാന്‍ മുരളി തന്നെ,,, ഈ കോണ്‍ഗ്രസ്സുകാര്‍ക്കെന്താ കണ്ണില്‍ ചോരയില്ലാതായോ,, ഒന്നുമില്ലെങ്കിലും  ഗാ‍ന്ധിയും നെഹ്രുവുമൊക്കെ ഉണ്ടാക്കിയ പാ‍ര്‍ട്ടിയല്ലെ ഇത്, രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുടെയും കുടുംബസ്വത്തൊന്നുമല്ലല്ലോ, ഈ പാവം മുരളിയോടെന്തിനാ ഇത്ര ക്രൂരത,,  അതിയാന്‍ ഒരു മൂന്ന് രൂപ മെംബര്‍ഷിപ്പല്ലെ ചോദിക്കുന്നുള്ളൂ, അതങ്ങ് കൊടുത്തൂടെ എന്നൊക്കെ ഇവിടെ ചില അവന്‍മാര്‍ ചോദിക്കുന്നുണ്ട്  എന്നാല്‍ ഇതിയാന് 3 രൂപ മെംബര്‍ഷിപ്പ് കൊടുത്താല്‍ 3 രൂപയുടെ പലിശയടക്കം തങ്ങളുടെ കളസവും കൊണ്ടേ മുരളിമോന്‍ പോകൂ എന്നാണത്രെ ഇന്ദിരാ ഭവനിലെ കുശു കുശുപ്പ്.അനുഭവം ഗുരു! എന്തരോ വരട്ടെ,, ലീഡര്‍ ജി കണ്ണടയുന്നതിന് മുന്‍പേ അതൊന്ന് സാധിച്ച്കണ്ടാല്‍ മതിയായിരുന്നു എന്റെ ശിവനേ...
           കന്നടികാസിന്റെയും തമിഴന്മാരുടെയുമൊന്നും ആട്ടും തുപ്പും കൊള്ളാതെ ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തന്നെ ജീവിച്ച് പോകാം എന്ന് പാഴ് സ്വപ്നം കണ്ട  വിദ്യാസമ്പന്നരായ  മലയാ‍ളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന സ്മാര്‍ട്ട് സിറ്റി കേരളത്തിനോട് ടാറ്റ പറയാന്‍ പോകുന്നു എന്നതാണ് മറ്റൊരു മഹാ[ദുരന്ത]സംഭവം,  എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അതൊക്കെ പരിഹരിച്ച് ഇതു പോലുള്ള പദ്ധതികള്‍ നാട്ടിലേക്ക് കൊണ്ട് വരിക എന്നതാണെല്ലോ ഒരു സര്‍കാറിന്റെ കടമ, ഈ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ പരാജയം പൂര്‍ണ്ണമാക്കിയ വര്‍ഷം കൂടിയാണ് 2009. അല്ലെങ്കിലും കംമ്പ്യൂട്ടറുകള്‍ക്കെതിരെ സമരം ചെയ്ത് ചരിത്രമുള്ള അച്യുതാനന്ദന്‍ സഖാവിന്റെയും സംഘത്തിന്റെയും കൈയില്‍നിന്ന്  കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
          ഓം പ്രകാശ്, പുത്തം പാലം രാജേഷ്, കാരിസതീശ് മുതലായ ഗുണ്ടാ നേതാക്കള്‍ പുകിന്ത് വാണുകൊണ്ടിരുന്ന നമ്മുടെ മലയാളനാട്ടില്‍ 2009 അവസാനത്തോടെ പേരുകള്‍മാറി, കേസുകള്‍മാറി  തടിയന്റവിട മെലിയന്‍ നസീര്‍, കുമ്മായം നാസര്‍, സര്‍ഫരാസ് നവാസ് എന്നിങ്ങനെ ആഗോള തീവ്രവാതികളുടെ നാടുമായത് മലയാളികള്‍ കണ്ടു.  ദൈവത്തിന്റെ സ്വന്തം നാ‍ടിന്റെ ഗതി അല്ലാതെന്ത് പറയാന്‍,  2009ലെ ഏറ്റവും വലിയ പണി കിട്ടിയത് മദനിക്ക് തന്നെ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല, തോളിലേറ്റി നടന്ന് അവസാനം ഒരു ഉപകാരവുമില്ല എന്ന് തോന്നിയപ്പോള്‍ വഴിയില്‍ ഉപേക്ഷിക്കുക മാത്രമല്ല നല്ല ഒന്നാന്തരം അന്താരാഷ്ട്ര താങ്ങും താങ്ങി സി പി എം അവരുടെ തനിക്കൊണംകാണിച്ചു. പണ്ട് തന്നെ ജയിലിലേക്കഴച്ചെതെല്ലാം മറന്ന് കൂടെ ക്കൂടിയ മദനിക്കിപ്പോള്‍ തന്റെ നല്ലപാതിയെയും ഇടതന്മാര്‍ ജയിലിലേക്കയക്കുന്നത് കണ്ട്കൊണ്ടിരിക്കേണ്ടിവന്നു.  തലതല്ലിക്കരഞ്ഞു നോക്കിയിട്ടും ചാനലുകള്‍ക്ക് മുന്‍പില്‍ പലതവണ  കുംബസരിച്ചിട്ടും ഇടതനും വലതനും ഇപ്പോല്‍ തിരിഞ്ഞ് നോക്കുന്നില്ല. എന്നാല്‍ പണ്ടെത്തേതില്‍ നിന്ന് മാറി ഇപ്രാവശ്യം കോണ്‍ഗ്രസ്സ് പാര്‍ട്ടി കുറച്ച്കൂടി പുരോഗതിക്കാണിച്ചു,,  ചെന്നിത്തലയും ഉണ്ണിത്താനും കെ ബി ഗണേശ് കുമാറുമെല്ലാം തങ്ങളുടെ ഖദറിന് പകരം കാക്കി നിക്കറും ധരിച്ചായിരുന്നു മദനിക്കും ഭാര്യക്കുമെതിരെ പ്രചാരണത്തിനിറങ്ങിയത്,  എല്ലാം കണ്ട്കൊണ്ട് ലവന്മാര്‍ക്ക് ഒത്താശചെയ്ത്കൊടുത്ത് മലപ്പുറത്തെയും കോഴിക്കോട്ടെയും കോഴി ബിരിയാണി സാ‍ഹിബുമാരും രാഷ്ട്രീയ കുടിപ്പക തീര്‍ത്തു. മദനി സാഹിബേ രക്ഷയില്ലാ‍. ജീവന്‍ വേണേല്‍ വിട്ടോ....
         2009 ചില വ്ര്ത്തികെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കും മലയാളമണ്ണ് സാക്ഷിയായി. ഒന്നാമതായി കേരളതത്തില്‍ മുന്നണി ബന്ധങ്ങള്‍ നിലവില്‍ വന്നത് മുതല്‍ ഇടത് പക്ഷത്ത് നില്‍കുകയും, വലതുപക്ഷത്തെ പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനെയും അവരുടെ സാമ്പത്തിക രാഷ്ട്രീയ നിലപാടുകളെയും വിമര്‍ഷിക്കുകയും ചെയ്ത് കൊണ്ടിരുന്ന വീരേന്ദ്രകുമാര്‍ എന്ന മഹാന്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞ സീറ്റ് കിട്ടാതായതോടെ  ഇടത് പക്ഷം വിട്ട് യു ഡി എഫിനോടൊപ്പം പോയി മലയാളികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കാട്ടി. വീരേന്ദ്ര കുമാറിന്റെ  “ഗാട്ട് കരാറും കാണാ ചരടും“ എന്ന ബുക്കും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടുകളും തമ്മില്‍ ഒന്ന് ചേര്‍ത്ത് നോക്കിയാല്‍ മാത്രം മതി രാഷ്ട്രീയക്കാരുടെ തനി ക്കൊണം മനസ്സിലാകാന്‍.   മറ്റൊന്ന് പി സി ജോര്‍ജ്ജ് വിഭാഗം കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പില്‍ ലയിച്ച് വിശാല കേരളാ കോണ്‍ഗ്രാസ്സ് എന്ന ആശയം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു.  എന്നാല്‍ പി സി ജോര്‍ജ്ജ് എന്ന ആര്‍ക്കും വേണ്ടാത്ത കേരള രാഷ്ട്രീയത്തിലെ ഇത്തിക്കണ്ണി എന്നറിയപ്പെടുന്ന മഹാന്‍ മാണി സാറിനെ പോലോത്ത മഹാന്റെ സംഘടനയില്‍ കടന്നു കയറുംബോള്‍ അണികളില്‍ അല്പം ആശങ്കകളില്ലാതില്ല, പക്ഷെ മാണി സാര്‍ നന്നായി മനസ്സിലാക്കിയിട്ട് തന്നെയാണ് ഈ മാന്യ ദേഹത്തെ കൂടെ ക്കൂട്ടിയതെന്ന് തോന്നുന്നു, അതാണല്ലോ ലയന സമയത്ത് മാണി പറഞ്ഞത് ഇത് കേരള കോണ്‍ഗ്രസ്സ്സുകളുടെ കല്യാണമാണെന്നും പി സി ജോര്‍ജ്ജാണ് വധു എന്നും,  ഏത് സമയത്തും ഒരു ഡൈവോഴ്സ് പ്രതീക്ഷിക്കാം.
          എന്നാല്‍ ചില തീരാ നഷ്ടങ്ങളുടെയും വര്‍ഷമായിരുന്ന് 2009, ഒന്നാമതായി മനസ്സിലെത്തുന്നത് മലയാളത്തിന്റെ മഹാ എഴുത്തുകാരി കമലാ സുരയ്യ നമ്മെ വിട്ട് പിരിഞ്ഞു എന്നത് തന്നെയാണ്. പിന്നെയും ഒരുപാട് മഹാന്‍ മാര്‍ , മലയാള സിനിമയിലെ കുലപതിമാരായ മുരളി,രാജന്‍ പി ദേവ്, ലോഹിതദാസ്,അടൂര്‍ ഭവാനി രാഷ്ട്രീയത്തിലെ തീരാ നഷ്ടമായ് ശിഹാബ് തങ്ങളുടെ വിയോഗം. മൈക്കിള്‍ ജാകസന്‍ വിട്ട് പോയത് ലോകത്തോടൊപ്പം മലയാളികളെയും ദുഖത്തിലാഴ്ത്തി .  തേക്കടി ദുരന്തം ഒരു ദേശീയ ദുരന്തമായി മലയാളികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു.  ഭരണ-ഉദ്യോഗസ്ത തലത്തിലെ കെടുകാര്യസ്തത കേരളത്തെ ലോകത്തിന്‍ മുന്‍പില്‍ അപമാനിതയാക്കി എന്നത് മാത്രമല്ല നാല്പതോളം ജീവനുകള്‍ നാം കാരണം നമ്മുടെ സര്‍ക്കറിന്റെ കെടുകാര്യസ്തത മൂലം വെള്ളത്തില്‍ പൊലിഞ്ഞ് പോയതും ഈ 2009 മൂകമായി നോക്കി നിന്നു.
      എന്നാല്‍ 2009 അവസാനിക്കുംബോഴും മുല്ലപ്പെരിയാര്‍ എന്ന പേടിസ്വപ്നം മലയാളികളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു.  കാര്യമായ ഒരു നീക്കവും നടക്കാതെ മുല്ലപ്പെറിയാര്‍ ഡാം കാത്തിരിക്കുന്ന ഒരു ദുരന്തമായി മലയാ‍ളികളുടെ തലമുകളില്‍ ആടിക്കളിക്കുന്നു. ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത  വൈക്കോ എന്ന പോക്കിരി കേരളത്തിനെതിരെ സാമ്പത്തിക ഉപരോധത്തിന്റെ ഭീഷണിയുതിര്‍ത്ത് പുതിയൊരു ഘട്ടം തുടങ്ങിയ വര്‍ഷമാണ് 2009.  ഒരു സിനിമയില്‍ ഇന്നസെന്റ് ചോദിക്കുന്നത് പോലെ ഇവന്‍ മാരൊക്കെ കഴുതപ്പാ‍ല്‍ കുടിച്ചിട്ട് തന്നെയാണോ വളരുന്നത്. ഈ വര്‍ഷമെങ്കിലും മുല്ലപ്പെരിയാര്‍ വിഷയത്തിന് ഒരു തീരുമാനമായാല്‍ അത് ലക്ഷ്ക്കണക്കിന് വരുന്ന നമ്മുടെ സഹോദരങ്ങള്‍ക് ഒരാശ്വാസമാകുമായിരുന്നു. ഇനിയെങ്കിലും നമ്മള്‍ മലയാളികള്‍ നമ്മുടെ അടുത്ത സംസ്ഥാനങ്ങളിലെ ഒക്കെ പോലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.  കണ്ടിട്ടില്ലേ അവന്‍ മാര്‍ വാശിപിടിച്ച് ഓരോ കാര്യങ്ങള്‍ നേടിയെടുക്കുന്നത്[ഉദാ:-ഡി എം കെ, എ ഐ ഡി എം കെ,ആര്‍ ജെ ഡി] അല്ലാതെ ഈ ഉണ്ണാക്കന്‍ ദേശീയ പാര്‍ട്ടികളെ കൊണ്ട് [ഉദാ:-കോണ്‍ഗ്രസ്സ്,സി പി എം, ബി ജെ പി...]ഒരു ഉണ്ടയും ഉണ്ടാക്കാന്‍ കഴിയില്ല.

തീവ്രവാതമില്ലാത്ത വര്‍ഗ്ഗീയവാതമില്ലാത്ത ഗുണ്ടാ വിളയാട്ടങ്ങളില്ലാത്ത പ്രക്ര്തി ദുരന്തങ്ങളില്ലാ‍ത്ത ഒരു ശാന്ത സുന്ദര മലയാളനാടിനെ 2010ല്‍ നമുക്ക് പ്രതീക്ഷിക്കാം. എല്ലാവര്‍ക്കും  സ്വതന്ത്രന്റെ ഹ്ര്ദയം നിറഞ്ഞ  പുതുവത്സരാശംസകള്‍.

4 comments:

  1. പുതുവത്സരാശംസകള്‍

    ReplyDelete
  2. Rajeev Prabhakar -TVMJanuary 1, 2010 at 12:45 AM

    പോസ്റ്റുകള്‍ കലക്കുന്നുണ്ട്, സ്വതന്ത്രന് എന്താ ഇത്ര കോണ്ഗ്രസ് വിരോധം, കമ്മ്യൂണിസം തലക്ക് പിടിച്ചോ.........പുതു വത്സരാശംസകള്‍

    ReplyDelete
  3. "അല്ലെങ്കിലും കംമ്പ്യൂട്ടറുകള്‍ക്കെതിരെ സമരം ചെയ്ത് ചരിത്രമുള്ള അച്യുതാനന്ദന്‍ സഖാവിന്റെയും സംഘത്തിന്റെയും കൈയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ."-- കൊള്ളാം സ്വതന്ത്ര, ആദ്യം മുതലേ ശ്രദ്ടിക്കാരുണ്ട് ഈ ബ്ലോഗ്‌, ഒരുസംശ്ശയമുന്റായിരുന്നു. എന്തായാലും കമ്മുനിസ്റ്റ്‌ കാരുടെ അവസ്ഥ നന്നായി അറിയുന്ന ഒരാളാണ് സ്വതന്ട്രനെന്നു ഇപ്പൊ മനസ്സിലായി.

    ReplyDelete
  4. buddy Nice...but you have missed Swine flue.....

    ReplyDelete